ഏഴാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയായി; പരാതി നല്‍കി മാതാപിതാക്കള്‍; അഞ്ച് അധ്യാപകര്‍ അറസ്റ്റില്‍

Update: 2026-02-22 05:24 GMT

കണ്ടമാല്‍: പതിമൂന്ന്കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത അഞ്ച് അധ്യാപകര്‍ അറസ്റ്റില്‍. ഒഡീഷയിലെ കണ്ടമാല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അധ്യാപകര്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ഏഴാം ക്ലാസുകാരിയുടെ അച്ഛന്റെ പരാതിക്ക് പിന്നാലെ അഞ്ച് അധ്യാപകര്‍ അറസ്റ്റിലായി. ജില്ലാ ശിശുക്ഷേമ സമിതിക്കും രാജ്കണിക പോലീസ് സ്റ്റേഷനിലും വെവ്വേറെ പരാതികളാണ് നല്‍കിയത്.

പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഫെബ്രുവരി 18 ന് ലഭിച്ച പരാതിക്ക് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 48 മണിക്കൂര്‍ നീണ്ട അന്വേഷണം നടത്തി. ശേഷം നിയമനടപടികള്‍ക്കായി കേസ് പൊലീസിന് കൈമാറി.

പ്രതികളെയും ഇരയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് രാജ്കണിക പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സഞ്ജയ് മല്ലിക് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപകരെ ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

Similar News