ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിന്റെ മുഖത്തടിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിന്റെ മുഖത്തടിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Update: 2025-01-08 00:49 GMT

മധുര: ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് എസ്.ഐ മെക്കാനിക്കിന്റെ മുഖത്തടിച്ചു. തമിഴ്‌നാട് മധുരയിലാണ് സംഭവം. പാലമേട് എസ് ഐ അണ്ണാദുരൈയാണ് അതിക്രമം നടത്തിയത്. മെക്കാനിക്കിന്റെ മുഖത്ത് എസ്.ഐ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു.

ദിണ്ഡിഗല്‍ സ്വദേശിയായ ശ്രീനിവാസ് എന്നയാളുടെ മധുര വടിപ്പട്ടിയിലെ വര്‍ക് ഷോപ്പിലാണ് സംഭവം. പാലമേട് എസ് ഐ അണ്ണാദുരൈ സ്ഥിരമായി ബൈക്ക് നന്നാക്കാന്‍ എത്തിയിരുന്നത് ഈ കടയിലാണ്. പലപ്പോഴായി 8000ത്തിലധികം രൂപയുടെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങി ബൈക്ക് നന്നാക്കി കൊടുത്തു. എന്നാല്‍ ഒരിക്കല്‍ പോലും ചെയ്ത ജോലിയുടെ പണമോ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങി നല്‍കിയതിന്റെ പണമോ നല്‍കാന്‍ എസ് ഐ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച ബൈക്കുമായി വീണ്ടുമെത്തിയപ്പോള്‍ 10,000 രൂപയ്ക്കടുത്ത് ചിലവുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

പണം തന്നാലേ ബൈക്കില്‍ തൊടൂവെന്നും പറഞ്ഞു. എന്നാല്‍ പണം നല്‍കില്ലെന്നും ബൈക്ക് നന്നാക്കി വെച്ചിരിക്കണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി എസ് ഐ മടങ്ങി. എന്നാല്‍ മെക്കാനിക് ബൈക്ക് നന്നാക്കിയില്ല. ഞായറാഴ്ച തിരിച്ചെത്തിയപ്പോള്‍ ബൈക്ക് പഴയത് പോലെ തന്നെ ഇരിക്കുന്നത് കണ്ടതോടെ എസ് ഐ പ്രകോപിതനാകുകയായിരുന്നു.

എസ് ഐയെ അനുസരിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഭീഷണിപ്പെടുത്തി. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ ശ്രീനിവാസന്‍ മാധ്യമങ്ങളിലൂടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടതോടെ എസ് പി ഉണര്‍ന്നു. അണ്ണാദുരൈയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവുമിറങ്ങി.

Tags:    

Similar News