പ്രായപൂര്‍ത്തിയോടടുത്ത കൗമാരക്കാര്‍ക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധമാകാം; ഡല്‍ഹി ഹൈക്കോടതി
കൗമാരക്കാര്‍ക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധമാകാം; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയോടടുത്ത കൗമാരക്കാര്‍ക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇവയെ പോക്‌സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ചിന്റെതാമ് അഭിപ്രായ പ്രകടനം. കൗമാരപ്രണയത്തെ അംഗീകരിക്കാന്‍ നിയമം രൂപപ്പെടണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതി വിധി ശരിവച്ചാണു ഹൈക്കോടതിയുടെ ഉത്തരവ്. യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പരാതി നല്‍കുന്ന സമയത്തു പെണ്‍കുട്ടിക്കു 18 വയസ്സു പൂര്‍ത്തിയായിരുന്നില്ല. ആണ്‍കുട്ടിക്കു 18നു മുകളിലായിരുന്നു പ്രായം. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം പോക്‌സോ ആക്ട് പ്രകാരം പരാതി നല്‍കുക ആയിരുന്നു.
ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കുന്നതിനു പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്‌സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങള്‍ നേരിടാന്‍ വേണ്ടിയാണ് അതുപയോഗിക്കേണ്ടതെന്നും കഴിഞ്ഞ വര്‍ഷം കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.