മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും; ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം
മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും; ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം
ഡല്‍ഹി: മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കമാകും. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് ക്യാബിനറ്റ് യോഗം ചേരും. വനിതകള്‍ക്ക് മാസം 2500 രൂപ നല്‍കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിക്കാണ് ഡല്‍ഹി സര്‍ക്കാര്‍ തുടക്കമിടുന്നത്.
പദ്ധതിയില്‍ ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടത്താനാവുക. യോഗ്യരായ സ്ത്രീകളെ കണ്ടെത്താന്‍ എല്ലാ ഫോമുകളുടെയും പരിശോധന നടത്തുന്നതിനായി ഐടി വകുപ്പ് ഈ പോര്‍ട്ടലിനൊപ്പം ഒരു പ്രത്യേക സോഫ്റ്റ്വെയറും വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അധികാരത്തില്‍ എത്തിയിട്ടും പദ്ധതി നടപ്പാക്കാന്‍ വൈകിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എഎപി വിമര്‍ശിച്ചിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു മഹിളാ സമൃദ്ധി യോജന. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനായി വിവിധ വകുപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ ഡാറ്റ തേടിയിട്ടുണ്ട്. മധ്യപ്രദേശിലെ 'ലാഡ്ലി ബെഹ്ന യോജന', മഹാരാഷ്ട്രയിലെ 'ലാഡ്കി ബഹിന്‍ യോജന' തുടങ്ങിയ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള പദ്ധതികള്‍ക്ക് സമാനമാണ് മഹിളാ സമൃദ്ധി യോജന.