'നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്; ആരെങ്കിലും ദയവായി ഇത് പവന്‍ കല്യാണിന് വിശദീകരിച്ചു കൊടുക്കുക'; മറുപടിയുമായി പ്രകാശ് രാജ്
പവന്‍ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ്
ചെന്നൈ: 'തമിഴ്‌നാട്ടുകാര്‍ ഹിന്ദി ഭാഷ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്' എന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. പവന്‍ കല്യാണ്‍ മറ്റുള്ളവരുടെ മേല്‍ 'ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍' ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്‌സ് പോസ്റ്റില്‍ ആരോപിച്ചു.
'നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; നമ്മുടെ മാതൃഭാഷയെയും സാംസ്‌കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവന്‍ കല്യാണിന് വിശദീകരിച്ചു കൊടുക്കുക' -എന്ന് പ്രകാശ് തന്റെ പോസ്റ്റില്‍ എഴുതി.
കാക്കിനാഡയിലെ പീതംപുരത്ത് നടന്ന ജനസേന പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തില്‍ പവന്‍ കല്യാണ്‍ നടത്തിയ പ്രസംഗത്തോടുള്ള പ്രതികരമാണ് പ്രകാശ് രാജ് നടത്തിയത്. നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുമ്പോള്‍, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നുവെന്ന് പവന്‍ കല്യാണ്‍ ചൂണ്ടിക്കാട്ടി.
'ചിലര്‍ സംസ്‌കൃതത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?' -എന്നായിരുന്നു പവന്‍ കല്യാണ്‍ ചോദിച്ചത്.