ഹൈദരാബാദിൽ എൽ.പി.ജി ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-08-27 11:47 GMT
ഹൈദരാബാദ്: ഹൈദരാബാദിലെ ആസ്ബറ്റോസ് കോളനിയിൽ എൽ.പി.ജി ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ പരിഭ്രാന്തരായി പോലീസും മറ്റ് രക്ഷാപ്രവർത്തകരും എത്തുന്നതിനു മുൻപേ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
സ്ഫോടനത്തിന് കാരണം എൽ.പി.ജി ഗ്യാസ് ചോർച്ചയാണെന്ന് പ്രാഥമിക നിഗമനം. എന്നാൽ, ഇതുവരെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.