മുംബൈയിൽ നാലുനില കെട്ടിടം തകർന്ന് അപകടം; 15 മരണം, 6 പേർക്ക് ഗുരുതര പരിക്ക്; കെട്ടിട നിർമ്മാതാവ് അറസ്റ്റിൽ

Update: 2025-08-28 10:10 GMT

മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 15 ആയി. ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരു വയസുള്ള കുട്ടിയും അമ്മയും ഉൾപ്പെടെയാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകൾ ഉൾപ്പെടെയുള്ളവർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്. അനധികൃതമായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം.

ബുധനാഴ്ച പുലർച്ചെയാണ് വിരാറിലെ രമാഭായ് അപ്പാർട്ട്‌മെന്റിന്റെ പിൻഭാഗം ഇടിഞ്ഞുവീണത്. അപകടസ്ഥലത്ത് ആകെ 50 ഫ്‌ലാറ്റുകളുണ്ടെന്നും തകര്‍ന്ന ഭാഗത്ത് 12 അപ്പാര്‍ട്ടുമെന്റുകളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിട ഭാഗങ്ങൾക്കുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 20 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്.

പരിക്കേറ്റവരെ ചന്ദൻസർ സമാജ് മന്ദിരയിലേക്ക് മാറ്റി, അവർക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവും നൽകുന്നുണ്ട്. കെട്ടിടം നിർമ്മിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോർപ്പറേഷൻ അധികൃതരുടെ പരാതിയിൽ കെട്ടിട നിർമ്മാതാവായ നിതൽ ഗോപിനാഥ് സാനെയെ പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളിലെ താമസക്കാരെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. 

Tags:    

Similar News