ഗൂഗിൾ മാപ്പിൽ കാണിച്ച വഴി സഞ്ചരിച്ച വാൻ പുഴയിൽ മറിഞ്ഞു; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം

Update: 2025-08-28 06:37 GMT

ജയ്പുർ: ഗൂഗിൾ മാപ്പിൽ കാണിച്ച വഴി സഞ്ചരിച്ച വാൻ പുഴയിൽ മറിഞ്ഞ് നാല് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി അടച്ചിട്ടിരിക്കുന്ന ഒരു പാലത്തിലേക്കാണ് ഗൂഗിൾ മാപ്പ് ഇവരെ നയിച്ചത്.

പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് വെള്ളം കരകവിഞ്ഞൊഴുകിയിരുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് ഗൂഗിൾ മാപ്‌സിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന് വാൻ കയറുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട വാൻ പാലത്തിൽ നിന്ന് പുഴയിലേക്ക് പതിച്ചു. വാനിലുണ്ടായിരുന്ന 9 യാത്രക്കാരിൽ 5 പേരെ രക്ഷപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

അപകടം നടന്ന സ്ഥലത്ത് മൂന്ന് വർഷമായി പാലം അടഞ്ഞു കിടക്കുകയാണെന്നും അതിനാൽ ആരും അങ്ങോട്ട് വരാൻ സാധ്യതയില്ലെന്നും രശ്മി സ്റ്റേഷൻ ഹൗസ് ഓഫീസർ ദേവേന്ദ്ര ദേവാൽ പറഞ്ഞു. രക്ഷപ്പെട്ടവർ പൊലീസിനെ വിവരമറിയിച്ചതിന് ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. ഗൂഗിൾ മാപ്പിനെ അന്ധമായി വിശ്വസിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പുതിയ റോഡുകൾ അപ്ഡേറ്റ് ചെയ്യാത്തതും കാലാവസ്ഥാ വ്യതിയാനം കാരണം വഴികൾ അടച്ചിടുന്നതും മാപ്പിൽ തെറ്റായ വിവരങ്ങൾ കാണിക്കാൻ കാരണമാകാം. ജിപിഎസ് സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ, ചില പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതും തെറ്റായ നിർദ്ദേശങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ വിശദീകരിച്ചു.

Tags:    

Similar News