മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കാഴ്ചക്കാരായി ആള്‍ക്കൂട്ടം; നാലുപേര്‍ അറസ്റ്റില്‍

മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

Update: 2025-03-19 14:20 GMT

മംഗളൂരു: മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മാല്‍പെയില്‍ ദലിത് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പീഡനത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം ഇടപെടാതെ മര്‍ദനം കണ്ടു നിന്നത് മനുഷ്യത്വരഹിതമായെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ. വിദ്യാകുമാരി പറഞ്ഞു.

ദലിത് വനിത തന്റെ മീന്‍ മോഷ്ടിച്ചുവെന്ന് പ്രദേശവാസിയായ ലക്ഷ്മി ഭായി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ദലിത് വനിതയെ ജാതീയമായി അധിക്ഷേപത്തോടെ ആക്രോശിച്ച നാലുപേര്‍ അവരെ മരത്തില്‍ കെട്ടിയിടുകയും ആള്‍ക്കൂട്ടം

മര്‍ദ്ദിക്കുകയും ചെയ്തു. മറ്റുള്ളവര്‍ രംഗം കണ്ടുനിന്നു. സംഭവവുമായി ബന്ധപ്പെട്ട് അ ലക്ഷ്മിഭായി, സുന്ദര്‍, ശില്‍പ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെ അറസ്റ്റ് ചെയ്തതായി എ.എസ്.പി ഡോ. കെ. ആരന്‍ പറഞ്ഞു.

തുറമുഖത്ത് മത്സ്യം ഇറക്കുന്നതിനിടെ ഒരു മത്സ്യത്തൊഴിലാളി മറ്റൊരു സ്ത്രീയെ മര്‍ദിക്കുകയും ബോട്ടുകളില്‍ നിന്ന് മീന്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. ചെമ്മീന്‍ മോഷ്ടിച്ചതായി ആരോപിച്ച് ബോട്ട് ജീവനക്കാര്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ചോദ്യം ചെയ്തപ്പോള്‍ ആദ്യം അവര്‍ നിഷേധിച്ചു. പിന്നീട് മാല്‍പെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ അവര്‍ അവിടെ മോഷണം സമ്മതിച്ചു.

'ഇത് തീര്‍ച്ചയായും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ധാര്‍മ്മികതയുടെ പേരിലായാലും ഒരാളെ ഇങ്ങനെ മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു തെറ്റ് സംഭവിച്ചിരിക്കാം. പക്ഷേ അത് ആള്‍ക്കൂട്ടആക്രമണത്തെ ന്യായീകരിക്കുന്നില്ല' -സംഭവത്തോട് പ്രതികരിച്ച ഡി.സി പറഞ്ഞു.

'സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇടപെട്ടില്ല എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. പകരം അവര്‍ സാഹചര്യം നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്. ആരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചില്ല. നമ്മുടെ മാനസികാവസ്ഥ ഈ ദിശയില്‍ തുടര്‍ന്നാല്‍ അത് വളരെയധികം അസ്വസ്ഥതയുണ്ടാക്കും. ഒരാളോട് മോശമായി പെരുമാറുമ്പോള്‍ നോക്കി നിന്ന് ചിരിക്കുന്നത് ശരിയല്ല. നിയമപ്രകാരം നടപടിയെടുക്കാന്‍ പൊലീസ് സൂപ്രണ്ടുമായി ഞാന്‍ സംസാരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്' -വിദ്യാകുമാരി പറഞ്ഞു.

Similar News