ലക്ഷദ്വീപില്‍ അന്ത്രോത്ത് ബിജെപി യൂണിറ്റില്‍ ഗുരുതര പ്രതിസന്ധി; അന്ത്രോത്തിലെ ബിജെപി ഓഫീസ് പൂട്ടി; കൊച്ചി ഇടപെടലെന്ന് സംശയം
അന്ത്രോത്ത് : ലക്ഷദ്വീപിലെ നിര്‍ണായക രാഷ്ട്രീയ കേന്ദ്രമായ അന്ത്രോത്തിലെ ബിജെപി യൂണിറ്റ് വലിയ പ്രതിസന്ധിയിലാണ്. 2025 മാര്‍ച്ച് 1-ന് സംസ്ഥാന അധ്യക്ഷന്റെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരം ഓഫീസ് അടച്ചതോടെ ഇവിടെ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായകമായ അന്ത്രോത്ത് ബിജെപി യൂണിറ്റ്, വലിയ വോട്ടര്‍ അടിസ്ഥാനമുള്ളതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ വന്‍ പങ്കുവഹിക്കുന്നു. മുന്‍ എംപി, മുന്‍ മന്ത്രി, നിലവിലെ എംപി എന്നിവരുള്‍പ്പെടെ പ്രധാന രാഷ്ട്രീയ നേതാക്കളെ നല്‍കിയ ദ്വീപായ അന്ത്രോത്തിന്റെ യൂണിറ്റ് അടച്ചത് പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രഭാവം ദ്വീപുകളില്‍ വര്‍ദ്ധിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടും, സംസ്ഥാന അധ്യക്ഷന്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും, ലക്ഷദ്വീപില്‍ ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അന്ത്രോത്തിലെ ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ടയ്ക്കനുസരിച്ചുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം ആശങ്കകള്‍ കവരത്തിയിലേക്കുള്ള പാര്‍ട്ടി നേതാക്കളുടെ കഴിഞ്ഞ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന നേതാക്കള്‍ പങ്ക് വെച്ചിരുന്നു. ദേശീയ നേതൃത്വം ഉടന്‍ ഇടപെട്ട് പ്രശ്‌നപരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അന്ത്രോത്തിലെ ബിജെപി പ്രവര്‍ത്തകര്‍.
ലക്ഷദ്വീപിലെ രാഷ്ട്രീയ അന്തരീക്ഷം കടുത്ത മത്സരത്തിലേക്കെത്തുമ്പോള്‍, അന്ത്രോത്ത് ബിജെപി യൂണിറ്റിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ദേശീയ നേതൃത്വത്തിന്റെ അടിയന്തിര ഇടപെടല്‍ മാത്രമാണ് പാര്‍ട്ടിയുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയുക എന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. ഓഫീസ് പൂട്ടാന്‍ നിര്‍ദ്ദേശിച്ചത് എന്തിനെന്ന് അറിയില്ലെന്ന് അന്ത്രോത്തിലെ നേതാക്കള്‍ പറയുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ വെറുപ്പിന്റെ ഒരു കട പൂട്ടി എന്ന് പരിഹസിക്കുകയാണ്.
ശരത് പവാറിന്റെ എന്‍.സി.പിയിലേക്ക് ആളെ എത്തിക്കുന്ന കൊച്ചിയിലെ ഗൂഢ സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിക്കപ്പെടാന്‍ ദ്വീപിലെ പാര്‍ട്ടിക്ക് കഴിയണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.