സീറ്റിനെച്ചൊല്ലി തർക്കം; ഡൽഹി മെട്രോയിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; ദൃശ്യങ്ങൾ വൈറൽ
By : സ്വന്തം ലേഖകൻ
Update: 2025-08-26 09:00 GMT
ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ രണ്ട് സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും പരസ്പരം മുടിയിൽ പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഘർഷം രൂക്ഷമായതോടെ മൽപ്പിടിത്തത്തിനിടെ ഇരുവരും സീറ്റുകളിലേക്ക് വീഴുകയും ചെയ്തു.
ട്രെയിനിലെ മറ്റ് യാത്രക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോഴും ഇവർ അടിപിടി തുടർന്നു. കോച്ചിൽ മറ്റ് നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.