സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ഓശാന ഞായര്‍ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു; സുരക്ഷാ കാരണമൈന്ന് പോലീസ്; പ്രതിഷേധം ശക്തം

Update: 2025-04-13 07:48 GMT

ന്യൂഡല്‍ഹി: ഓശാന ഞായര്‍ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാര്‍ട്ട് ദേവാലയം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. സെന്റ് മേരീസ് ദേവാലയത്തില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. ഉച്ചകഴിഞ്ഞു 2.30ന് ദേവാലയ വളപ്പില്‍ തന്നെ പ്രദക്ഷിണം നടക്കും.

അതേസമയം, വളരെ നേരത്തെ തന്നെ പ്രദക്ഷിണത്തിന് അനുമതി തേടിയിരുന്നതാണെന്ന് വികാരി ഫാ. ഫ്രാന്‍സിസ് സോമരാജ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്കാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി നടക്കാറുള്ള ചടങ്ങാണിത്. രണ്ടായിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഗോള ഭീകരന്‍ തഹാവുള്‍ റാണ ഡല്‍ഹിയിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതയാണുള്ളതെന്ന് പോലീസും പറയുന്നു.

Similar News