ഇഷ്ടമില്ലാതെ മൂന്ന് മണിക്കൂർ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുന്നു; ജീവിക്കാൻ പറ്റാത്ത അവസ്ഥ; പ്രതികരിച്ചപ്പോൾ ഭർത്താവിന്റെ വിചിത്ര വാദം; പരാതിയുമായി ഭാര്യ
ലക്‌നൗ: ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹിയുടെ രൂപസാദൃശ്യം ലഭിക്കാനായി യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചതായി പരാതി. യുവതിയെ മൂന്ന് മണിക്കൂർ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുകയും, ഇത് ചെയ്തില്ലെങ്കിൽ ഭക്ഷണം നിഷേധിക്കുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ. ഉത്തർപ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചെന്നും ഗർഭച്ഛിദ്രത്തിന് ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.
ഗസിയാബാദ് സ്വദേശിനിയായ ഷാനുവാണ് ഭർത്താവ് ശിവം ഉജ്വലിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടത്. കഴിഞ്ഞ മാർച്ച് 6-ന് വീട്ടുകാർ ഉറപ്പിച്ചതനുസരിച്ചുള്ള വിവാഹമായിരുന്നു ഇത്. വിവാഹത്തിനായി ഷാനുവിന്റെ വീട്ടുകാർ 16 ലക്ഷം രൂപയുടെ സ്വർണം, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്കോർപിയോ കാർ, 10 ലക്ഷം രൂപ പോക്കറ്റ് മണി എന്നിവയുൾപ്പെടെ 75 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ശിവം ഒരു സർക്കാർ സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ്.
ഭർതൃമാതാവ് നിരന്തരം വീട്ടുജോലികൾ ചെയ്യിപ്പിച്ചിരുന്നതായും, ഭർത്താവുമൊത്ത് പുറത്തുപോകാൻ അനുവദിക്കാറില്ലെന്നും ഷാനു പറഞ്ഞു. ഭർത്താവ് തന്നെ മർദ്ദിക്കാറുമുണ്ടായിരുന്നു. ഭാര്യക്ക് നോറ ഫത്തേഹിയുടെ രൂപം വേണമെന്നായിരുന്നു ശിവത്തിന്റെ ആഗ്രഹം. അതിനായി ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്തില്ലെങ്കിൽ ദിവസങ്ങളോളം ഭക്ഷണം നൽകില്ലെന്ന് ഭീഷണിപ്പെടുത്തി.
ആവശ്യത്തിന് പൊക്കവും വെളുത്ത നിറവുമുണ്ടായിട്ടും ഭർതൃവീട്ടുകാർ ബോഡി ഷെയ്മിംഗ് നടത്തുകയും, സ്ത്രീധനമായി കൂടുതൽ പണവും സ്വർണവും വസ്തുക്കളും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.