വീടിന് പുറത്ത് കളിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റു; കുഞ്ഞിന്റെ മുറിവ് സമീപത്തുണ്ടായിരുന്ന തെരുവുനായ വന്ന് നക്കി; പേ വിഷബാധയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Update: 2025-08-21 06:24 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയില്‍ തെരുവുനായ മുറിവ് നക്കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. വീടിന് പുറത്ത് കളിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റ കുഞ്ഞിന്റെ മുറിവ് സമീപത്തുണ്ടായിരുന്ന തെരുവുനായ നക്കുകയായിരുന്നു. ഓഗസ്റ്റ് 16-നാണ് കുട്ടിയില്‍ അസാധാരണമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമായത്. വെള്ളത്തോട് ഭയം, ശ്വാസംമുട്ടല്‍, നാവ് പുറത്തേക്ക് ഇടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സ ഫലിച്ചില്ല. ഓഗസ്റ്റ് 18-ന് കുഞ്ഞ് മരണപ്പെട്ടു.

സംഭവത്തെ കുറിച്ച് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് വിവരം അറിയിച്ചു. നായ മുറിവ് നക്കിയത് ഗുരുതരമായ അപകടത്തിന് വഴിവെക്കുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായ, പൂച്ച, കുരങ്ങ് തുടങ്ങിയ ജീവികളുടെ കടിയോ മുറിവ് നക്കലോ പേവിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അത് അവഗണിക്കരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി മുന്നറിയിപ്പ് നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ റാബിസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News