'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ല; ഉദയനിധി തമിഴ്‌നാട് മുഖ്യമന്ത്രിയും ആകില്ല'; സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രമെന്ന് അമിത് ഷാ

Update: 2025-08-22 13:19 GMT

ചെന്നൈ: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്‌നാട് മുഖ്യമന്ത്രി ആകില്ലെന്നും സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ബൂത്തുതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുനെല്‍വേലിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം.

രാജ്യസഭയുടെ തലവനായി തമിഴ് മകന്‍ എത്തുന്നുവെന്ന് പരാമര്‍ശിച്ചാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. എപിജെ അബ്ദുല്‍കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണ്. സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതിയാക്കാന്‍ മോദിയും നദ്ദയും തയ്യാറായി. തമിഴ്‌നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

അറസ്റ്റിലാകുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നാകെ എതിര്‍ക്കുകയാണ്. സെന്തില്‍ ബാലാജിയും പൊന്‍മുടിയും ഒക്കെ ജയിലില്‍ കിടന്ന് ഭരിക്കണമെന്നാണോ പറയുന്നതെന്നും അമിത് ഷാ ചോദിച്ചു.

ഡിഎംകെ നേതാക്കള്‍ ഇതിനെ കരിനിയമം എന്ന് വിളിക്കുന്നു. സ്റ്റാലിന് അങ്ങനെ പറയാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. 2026ല്‍ എന്‍ഡിഎ സഖ്യം ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതി വിഷയത്തില്‍ ഡിഎംകെയെ വിമര്‍ശിക്കാതെയാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.

Similar News