ശിവമോഗയിലെ കോളജില്‍ വിദ്യാര്‍ഥികളുടെ പൂണൂല്‍ ബലമായി അഴിപ്പിച്ചെന്ന് പരാതി; പ്രതിഷേധിച്ച് ബ്രാഹ്‌മണ സമൂഹം
ശിവമോഗയിലെ കോളജില്‍ വിദ്യാര്‍ഥികളുടെ പൂണൂല്‍ ബലമായി അഴിപ്പിച്ചെന്ന് പരാതി
ബംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി. ബുധനാഴ്ച സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ ബലമായി അഴിപ്പിച്ചത്. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് പ്രതിനിധി സംഘത്തെ അറിയിച്ച ഡെപ്യൂട്ടി കമീഷണര്‍, സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
പൂണൂല്‍ ബലമായി സുരക്ഷാ ജീവനക്കാര്‍ ഊരിമാറ്റിയ സംഭവം ബ്രാഹ്‌മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു. ഡെപ്യൂട്ടി കമീഷണര്‍ ഗുരുദത്ത ഹെഗ്ഡെയെ കണ്ട മുന്‍ എം.എല്‍.എ കെ.ബി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ 'ജനിവര' നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ എതിര്‍ത്തു. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചു. എതിര്‍ക്കാത്ത മറ്റുള്ളവരെ അത് നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാര്‍ 'ജനിവര' ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത് നിര്‍ഭാഗ്യകരമാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രസന്ന കുമാര്‍ പറഞ്ഞു.