മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചപ്പറ്റി; നിലവിലെ സംവിധാനത്തില്‍ സാരമായ തകരാറുണ്ടെന്ന് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കമീഷന് വീഴ്ചപ്പറ്റി: രാഹുല്‍ ഗാന്ധി

Update: 2025-04-21 14:10 GMT

ബോസ്റ്റണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചപ്പറ്റിയെന്നും നിലവിലെ സംവിധാനത്തില്‍ സാരമായ തകരാറുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ബോസ്റ്റണില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ചത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരേക്കാള്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്തു. അതിന്റെ കണക്കും രാഹുല്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകുന്നേരം 5.30ന് വോട്ടിങ് കണക്ക് നല്‍കി. പിന്നീട് 7.30ന് നല്‍കിയ കണക്കില്‍ രണ്ട് മണിക്കൂറിനിടെ 65 ലക്ഷം പേര്‍ വോട്ട് ചെയ്തതായി പറയുന്നു. ഇത് അസാധ്യമാണ്. ഒരാള്‍ വോട്ട് ചെയ്യാന്‍ മൂന്ന് മിനിറ്റെടുക്കും. അങ്ങനെയെങ്കില്‍ ഇ?ത്രയും പേര്‍ വോട്ട് ചെയ്യാന്‍ പുലര്‍ച്ച രണ്ടുവരെ വരി നില്‍ക്കണം. പക്ഷേ, ഇവിടെ അത് സംഭവിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷനോട് വോട്ടെടുപ്പിന്റെ വിഡിയോ ആവശ്യപ്പെട്ടു. അവര്‍ തരാന്‍ തയാറായില്ലെന്ന് മാത്രമല്ല, വിഡിയോ ആവശ്യപ്പെടാന്‍ അനുവാദമില്ലാത്ത വിധം നിയമവും മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീഴ്ച സംഭവിച്ചുവെന്ന് ഉറപ്പാണ്. കൂടാതെ സംവിധാനങ്ങളില്‍ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ഇത് താന്‍ പല തവണ പറഞ്ഞതാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Similar News