ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ ഹെലികോപ്റ്റര്‍ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി പത്ത് വയസ്സുകാരന്‍
കച്ചവടക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി പത്ത് വയസ്സുകാരന്‍
ഹൈദരാബാദ്: ഹെലികോപ്റ്റര്‍ കളിപ്പാട്ടം തകരാറായതിനെ തുടന്ന് കച്ചവടക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി 10 വയസ്സുകാരന്‍. വിനയ് റെഡ്ഢി തന്റെ മുത്തച്ഛനോടൊപ്പം ഗ്രാമത്തിലെ മേളയില്‍ പങ്കെടുത്തപ്പോള്‍ വാങ്ങിയ ഹെലികോപ്റ്റര്‍ കളിപ്പാട്ടം തകരാറിലായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മേളയില്‍ നിന്ന് വാങ്ങിയ 300 രൂപ വിലയുള്ള ഹെലികോപ്റ്റര്‍ കളിപ്പാട്ടം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
വിനയ് റെഡ്ഢി വീണ്ടും കടയിലേക്ക് തിരിച്ചുപോയി കടയുടമയോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ കളിപ്പാട്ടം മാറ്റി കൊടുത്തു. അതും പ്രവര്‍ത്തിക്കാത്തതുകൊണ്ട് വിനയ് വീണ്ടുംകടയിലേക്ക് പോയി. ഇത്തവണ കച്ചവടക്കാരന്‍ മറ്റൊരു നിറത്തിലുള്ള ഹെലികോപ്റ്റര്‍ വിനയ്ക്ക് നല്‍കി. ദുഃഖകരമെന്ന് പറയട്ടെ, ആ ഹെലികോപ്റ്ററും പ്രവര്‍ത്തിച്ചില്ല. വീണ്ടും കളിപ്പാട്ടം തിരിച്ചുകൊടുക്കാന്‍ പോയപ്പോള്‍ കടയുടമ പ്രവര്‍ത്തന രഹിതമായ കളിപ്പാട്ടം തിരികെ എടുത്തില്ല.
താന്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നലിലും ദേഷ്യത്തിലും വിനയ് മുത്തച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി കടയുടമക്കെതിരെ പരാതി നല്‍കി. പൊലീസ് ആദ്യം തമാശയായി എടുത്തെങ്കിലും പിന്നീട് അന്വേഷിക്കാന്‍ ഒരു സബ് ഇന്‍സ്പെക്ടറെ വിനയുടെ കൂടെ അയക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അവിടെയും വിനയ്ക്ക് ദുഃഖം മാത്രം. പൊലീസും വിനയും മേളയിലെത്തിയപ്പോഴേക്കും കടയുടമ അവിടെ നിന്നും പോയിരുന്നു.