ഇന്ത്യയില്‍ ഇനി ഒരിക്കലും ഒരു പുതിയ ജിന്ന ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗി ആദിത്യനാഥ്

Update: 2025-11-10 13:10 GMT

ലക്‌നൗ: ഇന്ത്യയില്‍ ഇനി ഒരിക്കലും ഒരു പുതിയ ജിന്ന ഉദയം ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അത്തരം വിഭജന ഉദ്ദേശ്യം വേരൂന്നുന്നതിന് മുമ്പ് അതിനെ കുഴിച്ചുമൂടണമെന്നും ദേശീയ ഗാനമായ 'വന്ദേമാതര'ത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും അപമാനിക്കുകയാണെന്നും യോഗി പറഞ്ഞു. ഗോരഖ്പൂരില്‍ സംഘടിപ്പിച്ച 'ഏകതാ യാത്ര'യില്‍ പങ്കെടുക്കവെയാണ് യോഗിയുടെ വിവാദ പരാമര്‍ശങ്ങള്‍.

അഖിലേന്ത്യാ മുസലിം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയിലേക്കും മുഹമ്മദ് അലി ജൗഹറിലേക്കും ശ്രദ്ധക്ഷണിച്ചുകൊണ്ടായിരുന്നു ഇത്. 'ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും രാജ്യത്തോട് വിശ്വസ്തരായിരിക്കുകയും അതിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഈ ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണം. ജാതിയുടെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരില്‍ സമൂഹത്തെ വിഭജിക്കുന്ന എല്ലാ ഘടകങ്ങളെയും തിരിച്ചറിയുകയും എതിര്‍ക്കുകയും ചെയ്യേണ്ടത് ഇപ്പോള്‍ നമ്മുടെ കടമയാണ്. ഈ വിഭജനങ്ങള്‍ പുതിയ ജിന്നകളെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്' എന്നും യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും ഇന്ത്യയുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗി പറഞ്ഞു.

Similar News