അല്‍ബാനിയിലെ വീട്ടില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ സഹജ റെഡ്ഡി ഉറങ്ങുകയായിരുന്നു; സൈബര്‍ സുരക്ഷാ വിദഗ്ധയുടെ മരണത്തില്‍ ഞെട്ടി തെലുങ്കാന; അമേരിക്കയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കും

Update: 2025-12-07 09:26 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം ഉണ്ടായ സംഭവത്തില്‍ വിശദ അന്വേഷണം നടക്കും. ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. തെലങ്കാന ജങ്കാവ് ജില്ലക്കാരിയായ സഹജ റെഡ്ഡി ഉദുമല എന്ന 24കാരിയാണ് മരിച്ചത്.

അയല്‍പക്കത്തെ കെട്ടിടത്തിലുണ്ടായ തീ പെട്ടെന്ന് സഹജയുടെ കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ഈ സമയം ഉറക്കത്തിലായതിനാല്‍ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സഹജയ്ക്ക് തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെ മരണം സ്ഥിരീകരിച്ചു. യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. 2021ല്‍ ഉന്നത പഠനത്തിനായാണ് യുവതി അമേരിക്കയിലെത്തിയത്.

പഠനം പൂര്‍ത്തിയാക്കി മകള്‍ വൈകാതെ വീട്ടിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. യുവതിയുടെ മൃതദേഹം നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ യാത്രാചെലവുകള്‍, അമേരിക്കയലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷാ വിദഗ്ധയായിരുന്നു സഹജ റെഡ്ഡി ഉദുമല. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.

അല്‍ബാനിയിലെ വീട്ടില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ സഹജ റെഡ്ഡി ഉറങ്ങുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. അല്‍ബാനി പോലീസ് വിഭാഗവും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായ പൊള്ളലുകളോടെ കണ്ടെത്തിയ സഹജയെ ഉടന്‍തന്നെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏകദേശം 15 മണിക്കൂറോളം ചികിത്സ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് നിസ്സാര പരിക്കുകളേറ്റു. നിരവധി തെലുങ്ക് വിദ്യാര്‍ത്ഥികളും അതേ കെട്ടിടത്തില്‍ താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

മൂന്ന് വര്‍ഷം മുമ്പാണ് സഹജ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. സൈബര്‍ സുരക്ഷയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം മുമ്പാണ് അവര്‍ അവിടെ ജോലിക്ക് പ്രവേശിച്ചത്. തെലങ്കാനയിലെ ജനഗാം ജില്ലക്കാരാണ് സഹജയുടെ കുടുംബം. പിതാവ് ഐടി മേഖലയിലും മാതാവ് അധ്യാപികയായും പ്രവര്‍ത്തിക്കുന്നു. വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പും സഹജയുടെ അമ്മാവനുമായ ഉദുമല ബാലയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയത്.

Similar News