'ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ കൊല്ലപ്പെട്ടു, ഇവിടെയത് സംഭവിക്കാതിരിക്കട്ടെ'; വീടുകളിൽ വാളടക്കമുള്ള മാരകായുധങ്ങൾ വിതരണം ചെയ്തത് ഹിന്ദു രക്ഷാ ദൾ; 10 പേർ അറസ്റ്റിൽ

Update: 2025-12-30 16:39 GMT

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മാരകായുധങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ ദളുമായി (എച്ച്.ആർ.ഡി.) ബന്ധമുള്ള 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 'ജിഹാദികളെ നേരിടാൻ' എന്ന പേരിൽ വീടുകളിൽ വാളുകളും മറ്റ് ആയുധങ്ങളും എത്തിച്ചെന്നാണ് സംഘടനാ നേതാക്കൾ അവകാശപ്പെട്ടത്. പൊതുനിരത്തിൽ സ്റ്റാൾ തുറന്ന് വാളുകൾ, മഴു, കുന്തം എന്നിവയുൾപ്പെടെയുള്ള മൂർച്ചയേറിയ ആയുധങ്ങൾ പ്രദർശിപ്പിക്കുകയും വിതരണം ചെയ്യുകയുമായിരുന്നു.

ആളുകൾക്ക് വാളുകൾ വിതരണം ചെയ്യുന്നതിൻ്റെയും സ്വയം പ്രതിരോധിക്കാൻ ആവശ്യപ്പെടുന്നതിൻ്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഘടനയുമായി ബന്ധമുള്ള 10 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഷാലിമാർ ഗാർഡൻ സർക്കിൾ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എ.സി.പി.) അതുൽ കുമാർ സിംഗ് അറിയിച്ചു. ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ചൗധരി ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി

ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുന്ന സാഹചര്യമാണ് ആയുധവിതരണത്തിന് പ്രേരിപ്പിച്ചതെന്ന് എച്ച്.ആർ.ഡി. നേതാക്കൾ അവകാശപ്പെട്ടു. ബംഗ്ലാദേശിൽ സംഭവിച്ചതുപോലെ ഇവിടെയും സംഭവിക്കാതിരിക്കാൻ ഹിന്ദുക്കൾ സ്വയം പ്രതിരോധത്തിനായി വാളുകൾ സൂക്ഷിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. ഇതുവരെ ഏകദേശം 250 വാളുകൾ വിതരണം ചെയ്തെന്നും കൂടുതൽ വിതരണം ചെയ്യുമെന്നും അവർ അറിയിച്ചു. ഈ വാദങ്ങൾ ട്രാൻസ്-ഹിൻഡൺ സോണിലെ ഡി.സി.പി. നിമിഷ് പാട്ടീൽ സ്ഥിരീകരിച്ചു.  

Tags:    

Similar News