സൽമാൻ ഖാനൊപ്പം വേദി പങ്കിട്ടാൽ കൊന്നു കളയും; ഭോജ്പുരി നടൻ പവൻ സിംഗിന് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ ഭീഷണി; വൈ-കാറ്റഗറി സുരക്ഷയൊരുക്കി പൊലീസ്

Update: 2025-12-09 06:11 GMT

മുംബൈ: ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിന് നേരെ അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൻ്റെ വധഭീഷണി. ബിഗ് ബോസ് 19' ഗ്രാൻഡ് ഫിനാലെയിൽ സൽമാൻ ഖാനോടൊപ്പം പവൻ സിംഗ് പങ്കെടുക്കുമെന്ന് ഇൻസ്റ്റാഗ്രാമിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീഷണി കോളുകൾ വന്നത്. അപരിചിത നമ്പറുകളിൽ നിന്ന് വധഭീഷണിക്കൊപ്പം വലിയ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് പവൻ സിംഗിൻ്റെ ടീമിന് ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘാംഗമാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് ഇവർ മുന്നറിയിപ്പ് നൽകിയത്.

ഭീഷണിയെ തുടർന്ന് പവൻ സിംഗിൻ്റെ മാനേജർ മുംബൈ പോലീസിലെ ആൻ്റി എക്സ്റ്റോർഷൻ സെല്ലിൽ രേഖാമൂലം രണ്ട് പരാതികൾ നൽകി. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിംഗിന്റെ ജീവനക്കാരിൽ മറ്റൊരാൾക്കും സമാനമായ കോളുകൾ വന്നിരുന്നതായും വിളിച്ചയാൾ പണം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ മുന്നറിയിപ്പ് നിലനിൽക്കെ തന്നെ, പവൻ സിംഗ് നിശ്ചയിച്ച പ്രകാരം 'ബിഗ് ബോസ് 19' ഫിനാലെയിൽ പങ്കെടുത്തു.

സൽമാൻ ഖാനോടൊപ്പം വേദി പങ്കിടുകയും നൃത്തം ചെയ്യുകയും ചെയ്തു. നിലവിൽ വൈ-കാറ്റഗറി സുരക്ഷയിലുള്ള നടനാണ് പവൻ സിംഗ്. പഞ്ചാബി ഗായകനും രാഷ്ട്രീയനേതാവുമായ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ലോറൻസ് ബിഷ്‌ണോയ്, ലഹരിക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ബിഷ്ണോയ് സംഘാംഗങ്ങളും അറസ്റ്റിലായിരുന്നു. 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെതിരെ ബിഷ്‌ണോയി സംഘം വർഷങ്ങളായി ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവം.

Tags:    

Similar News