മുംബൈയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു; അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
മുംബൈയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു
മുംബൈ: നാസിക്കില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. നാസിക്കിലെ കല്‍വണ്‍ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിലാണ് സംഭവം. 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിയുക ആയിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു സംഭവം. മരിച്ച ആറ് പേരും നിഫാഡ് താലൂക്കിലെ പിംപല്‍ഗാവ് ബസ്വന്ത് സ്വദേശികളാണെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏഴു പേരാണു വാഹനത്തിലുണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചു തന്നെ ആറുപേരും മരിച്ചു. കീര്‍ത്തി പട്ടേല്‍ (50), റസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന്‍ പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70) എന്നിവരാണു മരിച്ചത്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ''മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടായ അപകടത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തെ ''അത്യന്തം ദുഃഖകരം'' എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അറിയിച്ചു.