ഇന്ത്യയിലെ ആദ്യത്തെ 16 കോച്ചുകളുള്ള നമോ ഭാരത് ട്രെയിന്‍ ഏപ്രില്‍ 24ന് ഓടിത്തുടങ്ങും

ഇന്ത്യയിലെ ആദ്യത്തെ 16 കോച്ചുകളുള്ള നമോ ഭാരത് ട്രെയിന്‍ ഏപ്രില്‍ 24ന് ഓടിത്തുടങ്ങും

Update: 2025-04-22 17:23 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ 16 കോച്ചുകളുള്ള നമോ ഭാരത് ട്രെയിന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ബിഹാറിലെ ജയനഗറിനും പട്‌നക്കും ഇടയിലായിരിക്കും ആദ്യ സര്‍വീസ് നടത്തുക. നിലവില്‍ അഹമ്മദാബാദിനും ഭുജിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ആദ്യ നമോ ഭാരത്തിന് 12 കോച്ചുകള്‍ മാത്രമേയുള്ളു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതുകൊണ്ട് യാത്ര സമയം പകുതിയായി കുറയ്ക്കുമെന്ന് റെയില്‍വേ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി പട്‌നയിലേക്ക് യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്കും ഈ ട്രെയിന്‍ ഉപയോഗപ്പെടുത്താം. 16 ശീതീകരിച്ച കോച്ചുകളുള്ള ട്രെയിനില്‍ ഏകദേശം 2000 യാത്രക്കാര്‍ക്കുള്ള സീറ്റുകളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ 1000ത്തിലധികം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ട്രെയിനിലുണ്ടാകും.

മധുബാനി, സാക്രി, ദര്‍ഭംഗ, സമസ്തിപൂര്‍, ബറൗണി, മൊകാമ സ്റ്റേഷനുകള്‍ വഴിയാണ് ഈ ട്രെയിന്‍ കടന്ന് പോകുക. എര്‍ഗണോമിക് ആയി രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, ടൈപ്പ്-സി, ടൈപ്പ്-എ ചാര്‍ജിങ് സോക്കറ്റുകള്‍, ശീതികരിച്ച കാബിനുകള്‍, എജക്ടര്‍ അധിഷ്ഠിത വാക്വം ഇവാക്വേഷന്‍ ടോയ്ലറ്റുകള്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ ഈ റാപ്പിഡ് റെയില്‍ സര്‍വീസില്‍ ഉള്‍പ്പെടുന്നു.

പുതിയ ട്രെയിനില്‍ 'കവച്' സുരക്ഷാ സംവിധാനം, സി.സി.ടി.വി കാമറ, അഗ്‌നിശമന സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിന്റെ ഇരുവശത്തും എഞ്ചിനുകളുണ്ട് എന്നത് ട്രെയിനിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇത് ടേണ്‍അറൗണ്ട് സമയം കുറക്കാന്‍ സഹായിക്കും. കൂടാതെ റൂട്ട് മാപ് പ്രദര്‍ശിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ ബോര്‍ഡും ട്രെയിനിന്റെ ഉള്‍വശത്തുണ്ടാകും.

Similar News