പാക്ക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള
പാക്ക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് പിന്നാലെ കശ്മീരില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണമാണ് ഉണ്ടായിരുന്നത്.
നിയന്ത്രണ മേഖലകളില്‍ പല സ്ഥലങ്ങളിലും ആക്രമണംശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നുള്‍പ്പടെ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.
ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.