ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; സീ ഷെല്‍ ഹോട്ടലുകളിലെ റെയ്ഡ് നികുതി വെട്ടിപ്പ് പരാതിയെ തുടര്‍ന്ന്

Update: 2025-06-18 06:27 GMT

ചെന്നൈ : തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ മുതലാണ് ഇവിടങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ചെന്നൈയില്‍ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നികുതി വെട്ടിപ്പിനെത്തുടര്‍ന്നാണ് റെയ്ഡ് എന്നും വിവരങ്ങളുണ്ട്. സ്ഥാപനത്തിന്റെ പ്രധാന ബ്രാഞ്ചായ അണ്ണാനഗറിലടക്കം വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക് എന്നിവിടങ്ങളില്‍ പരിശോധന തുടരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ പൂമള്ളി ഹൈറോഡിലുള്ള ആര്യയുടെ വീട്ടിലും റെയ്ഡ് നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സീഷെല്‍സ് ഹോട്ടലിന്റെ ഉടമസ്ഥതയിലല്ലെന്നാണ് ആര്യ പറയുന്നത്. മറ്റൊരു ബിസിനസുകാരന് കൈമാറിയിരുന്നുവെന്നും ഇയാള്‍ക്കെതിരെയുള്ള അന്വേഷണത്തെത്തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നതെന്നും ആര്യ പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് ആര്യ. മദ്രസപ്പട്ടണം, സര്‍പ്പട്ട പരമ്പരൈ, രാജാ റാണി, നാന്‍ കടവുള്‍ എന്നിവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

Similar News