രാവിലെ പ്രമുഖ യൂട്യൂബറുടെ വിയോഗ വാർത്തയിൽ ഞെട്ടൽ; ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ; മരണകാരണം വ്യക്തമല്ല; ദുഃഖം സഹിക്കാൻ കഴിയാതെ ആരാധകർ
ദുബായ്: പ്രമുഖ ഇന്ത്യൻ ട്രാവൽ ഇന്‍ഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ്(32) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം അറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്നും അറിയിച്ചു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും വീടിന് മുന്നിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും കുടുംബം ആരാധകരോട് അഭ്യര്‍ഥിച്ചു.
"ഞങ്ങളുടെ പ്രിയപ്പെട്ട അനുനയ് സൂദിന്‍റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ പങ്കുവെക്കുന്നത്. ഈ ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വീടിനു പുറത്തുള്ള ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ദയവായി അദ്ദേഹത്തിന്‍റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്തുക. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ," പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇൻസ്റ്റഗ്രാമിൽ 14 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 4 ലക്ഷം സബ്‌സ്‌ക്രൈബേഴ്സുമുള്ള ഇൻഫ്ലുവൻസറാണ് സൂദ്. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം സൂദ് 46 രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. 2022, 2023, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം ഫോർബ്സ് ഇന്ത്യയുടെ മികച്ച 100 ഡിജിറ്റൽ സ്റ്റാര്‍സ് പട്ടികയിൽ അദ്ദേഹം ഇടം നേടുകയായിരുന്നു.