ഇന്ത്യയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് പോയ കപ്പലിന് നേരെ സൊമാലിയന്‍ തീരത്ത് ആക്രമണം; സുരക്ഷിത മുറിയില്‍ അഭയം തേടി ജീവനക്കാര്‍: മേഖലയിലെ കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇന്ത്യയില്‍ നിന്നും പോയ കപ്പലിന് നേരെ സൊമാലിയന്‍ തീരത്ത് ആക്രമണം

Update: 2025-11-07 00:25 GMT

ദുബായ്: സൊമാലിയന്‍ തീരത്ത് വെച്ച് ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണം. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലേക്കു പോയ എണ്ണക്കപ്പലാണ് സൊമാലിയന്‍ തീരത്ത് വെച്ച് കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചത്. കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. സുരക്ഷിത മുറിയില്‍ അഭയം തേടിയ ജീവനക്കാരാണ് ഇപ്പോഴും കപ്പല്‍ നിയന്ത്രിക്കുന്നതെന്ന് നാവിക സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികള്‍, വെടിയുതിര്‍ത്ത ശേഷം കപ്പലില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മാള്‍ട്ടയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആളപായമോ മറ്റോ ഉണ്ടായിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം. മേഖലയിലെ കപ്പലുകള്‍ക്കു യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

അതേസമയം മേഖലയില്‍ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും സജീവമായതായും ആക്രമണങ്ങള്‍ക്കായി ഇവര്‍ ഒരു ഇറാനിയന്‍ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തതായും വാര്‍ത്തകളുണ്ട്. കടല്‍ക്കൊള്ള ഏറ്റവും കൂടുതലായിരുന്ന 2011 ല്‍ 237 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Similar News