അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവര്‍ ഭരണഘടന അട്ടിമറിച്ചു; ജുഡീഷ്യല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കിയെന്നും നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവര്‍ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷ്യല്‍ സംവിധാനത്തെയും നോക്കുകുത്തിയാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, ജനങ്ങള്‍ ജനാധിപത്യത്തെ പിന്നോട്ട് പോകാന്‍ അനുവദിച്ചില്ല. അവസാനം ജനങ്ങള്‍ തന്നെയാണ് ജയിച്ചത്.
അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ നിരന്തരം ഓര്‍മിക്കണമെന്നും തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കിബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 1975നും 1977നും ഇടയിലുള്ള കാലഘട്ടത്തില്‍ ജനങ്ങള്‍ വലിയതോതില്‍ പീഡിപ്പിക്കപ്പെട്ടു. മറക്കാന്‍ സാധിക്കാത്ത നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാര്‍ഥികളെ ഉപദ്രവിക്കുകയും അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങുതടിയാവുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണുകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തില്‍നിന്ന് ഇന്ത്യ മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായെന്നും രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് 95 കോടി ജനങ്ങള്‍ അഥവാ 64 ശതമാനത്തിലധികം പേര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നു. 2015 വരെ ഇത് 25 കോടിയിലും കുറവായിരുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ ഇത് വലിയ പ്രചോദനമാണ്. കൂടുതല്‍ പേര് യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നുണ്ട്.
വിശാഖപട്ടണത്തിലെ യോഗദിന പരിപാടികളില്‍ മൂന്നു ലക്ഷം പേര് പങ്കെടുത്തു. കൈലാസ് മാനസരോവര യാത്ര ഏറെ നാളുകള്‍ക്കുശേഷം പുനരാരംഭിക്കുന്നു. പുരി രഥയാത്ര നടന്നു. എല്ലാ തീര്ഥയാത്രികര്ക്കും ആശംസകളെന്നും പ്രധാനമന്ത്രി പറഞ്ഞു.