വടക്കന്‍ ഗോവയില്‍ ചില കടകളില്‍ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന എല്‍ഇഡി ബോര്‍ഡുകള്‍; കേസെടുത്ത് പൊലീസ്
പനാജി: ഗോവയില്‍ ചില കടകളില്‍ പ്രത്യക്ഷപ്പെട്ട 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന എല്‍ഇഡി ബോര്‍ഡുകള്‍ പോലീസ് എത്തി നീക്കം ചെയ്തു. വടക്കന്‍ ഗോവ തീരദേശ മേഖലയായ ബാഗ, അര്‍പോറ പ്രദേശങ്ങളിലാണ് സംഭവം. ആരുടെയും അനുമതി വാങ്ങാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കുറ്റക്കാര്‍ക്കെതിരെ ഞങ്ങള്‍ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഗോവയുടെ വടക്ക് ഭാഗത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ബീച്ച് ഗ്രാമങ്ങളാണ് ബാഗയും അര്‍പോറയും. ഈ ഗ്രാമങ്ങളിലെ രണ്ട് കടകളിലെ എല്‍ഇഡി ബില്‍ബോര്‍ഡുകളില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ബോര്‍ഡുകള്‍ കണ്ടെത്തിയത്. ബാഗയിലെ റിവൈവ് ഹെയര്‍ കട്ടിംഗ് സലൂണിലും, അര്‍പോറയിലെ വിസ്‌കി പീഡിയയിലുമാണ് ''പാകിസ്ഥാന്‍ സിന്ദാബാദ്'' എന്ന മുദ്രാവാക്യങ്ങള്‍ തെളിഞ്ഞത്.
ചൊവ്വാഴ്ച രാത്രി കലാന്‍ഗുട്ട്, അഞ്ജുന പോലീസ് നടത്തിയ സംയുക്ത നീക്കത്തില്‍ കടകള്‍ നടത്തുന്ന എല്ലാവരെയും പിടികൂടി എല്‍ഇഡി ബോര്‍ഡുകള്‍ വിച്ഛേദിച്ചു. ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.