'ഇതിൽ ഓംലെറ്റ് വേവിച്ചെടുക്കാൻ കഴിയും, പക്ഷേ തലയോട്ടി രക്ഷിക്കാൻ കഴിയില്ല'; തലയിൽ ഹെൽമറ്റല്ല പകരം മറ്റൊന്ന്; വീഡിയോ വൈറലായതോടെ നടപടിയുമായി പോലീസ്
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഹെൽമെറ്റിന് പകരം തലയിൽ പാത്രം വെച്ച് ബൈക്കിൽ യാത്ര ചെയ്ത യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നടപടി സ്വീകരിച്ച് പോലീസ്. റൂപ്പേന അഗ്രഹാരക്ക് സമീപം ഗതാഗതക്കുരുക്കിനിടയിലൂടെ ബൈക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ബൈക്ക് ഓടിച്ചയാൾ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, പിന്നിലിരുന്നയാൾ തലയിൽ ചീനച്ചട്ടി (കടായി) വെച്ചാണ് യാത്ര ചെയ്തത്. ഈ കാഴ്ച രസകരമായി തോന്നാമെങ്കിലും, റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്.
'കർണാടക പോർട്ട്ഫോളിയോ' എന്ന പേജിലാണ് ആദ്യം ഈ വീഡിയോ പങ്കുവെച്ചത്. 'ഒരു ഫ്രൈയിങ് പാനിന് ഓംലെറ്റ് വേവിച്ചെടുക്കാൻ കഴിയും, പക്ഷേ തലയോട്ടി രക്ഷിക്കാൻ കഴിയില്ല' എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രചരിപ്പിച്ചത്. ഇത് സംഭവത്തെ തമാശയായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ശരിയായ ഹെൽമെറ്റിൻ്റെ പ്രാധാന്യം പലരും ഓർമ്മിപ്പിച്ചു.
വീഡിയോ വൈറലായതോടെ ബെംഗളൂരു പോലീസ് വിഷയത്തിൽ ഇടപെട്ടു. ട്രാഫിക് കൺട്രോൾ വിങ്ങിന് വീഡിയോ കൈമാറിയതായി പോലീസ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു. നിരവധി പേർ വീഡിയോയ്ക്ക് താഴെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ചിലർ മുടി സംരക്ഷിക്കുന്നതിനോ പണം ലാഭിക്കുന്നതിനോ വേണ്ടിയാണ് ഹെൽമെറ്റ് ഒഴിവാക്കുന്നതെന്നും, എന്നാൽ ഇത് അപകടകരമാണെന്നും അഭിപ്രായപ്പെട്ടു.
സാധാരണ നിർമ്മാണ ജോലികൾക്ക് ഉപയോഗിക്കുന്ന ഹെൽമെറ്റുകളും റോഡ് സുരക്ഷാ ഹെൽമെറ്റുകളും തമ്മിൽ വ്യത്യാസമുണ്ടെന്നും, അവയുടെ ഉപയോഗം സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കണമെന്നും പലരും ചൂണ്ടിക്കാട്ടി. 'ഹെൽമെറ്റുകൾ ജീവൻ രക്ഷകരാണ്, അല്ലാതെ സമൂഹമാധ്യമങ്ങളിൽ വൈറലാകാനുള്ള കണ്ടന്റുകളല്ല' എന്ന രീതിയിലുള്ള പ്രതികരണങ്ങളും വ്യാപകമായിരുന്നു.
