'മകരസംക്രാന്തിയില്‍ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ 30000 രൂപ'; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വമ്പന്‍ വാഗ്ദാനവുമായി തേജസ്വി യാദവ്
പട്‌ന: ബിഹാറില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ വാഗ്ദാനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അധികാരത്തില്‍ വന്നാല്‍ മകരസംക്രാന്തിയില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയില്‍ (ജനുവരി 14) 'മയി ബഹിന്‍ മാന്‍ യോജന' പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30,000 രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു. ബീഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും 'മയി ബഹിന്‍ മാന്‍ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവര്‍ക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകള്‍ പറയുന്നുവെന്നും തേജസ്വി പറഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മായ് ബഹിന്‍ മാന്‍ യോജന വാഗ്ദാനം ചെയ്തിരുന്നു. മഹാസഖ്യം വിജയിച്ചാല്‍ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുമെന്നാണ് പറയുന്നത്. നേരത്തെ, എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുുപ്പിന് തൊട്ടുമുമ്പ് 'മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജന'പ്രകാരം സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനായി 1 കോടിയിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.
എല്ലാ ജീവിക കമ്മ്യൂണിറ്റി മൊബിലൈസര്‍മാരെയും 30,000 രൂപ പ്രതിമാസ ശമ്പളമുള്ള സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാക്കുമെന്നും നിലവിലുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 47 ശതമാനം സ്ത്രീകളായതിനാലാണ് സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ വാഗ്ദാനങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് സ്ത്രീകളുടെ വോട്ടിങ് ശതമാനം ഉയര്‍ന്നതായിരുന്നു.