കൊടുമുടി കയറാന്‍ ശ്രമിക്കുന്നതിനിടെ ഹിമപാതം; നേപ്പാളില്‍ ഒമ്പത് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു

Update: 2025-11-04 12:46 GMT

കാഠ്മണ്ഡു: നേപ്പാളിലെ ഹിമാലയത്തില്‍ കൊടുമുടി കയറാന്‍ ശ്രമിക്കുന്നതിനിടെ ഹിമപാതത്തില്‍പ്പെട്ട് ഏഴ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഗൗരിശങ്കര്‍ റൂറല്‍ മുനിസിപ്പാലിറ്റിക്ക് കീഴിലെ 6,920 മീറ്റര്‍ ഉയരമുള്ള മൗണ്ട് യാലുങ് റിന് സമീപമാണ് അപകടം. പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനായി സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരിച്ച പര്‍വതാരോഹകരില്‍ രണ്ട് നേപ്പാളി പൗരന്മാരും രണ്ട് ഇറ്റാലിയന്‍ പൗരന്മാരും കനേഡിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ പൗരന്‍മാരും ഉള്‍പ്പെടുന്നു.

മൂന്ന് നേപ്പാളികളും രണ്ട് ഫ്രഞ്ച് പൗരന്മാരും ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അവരെ കാഠ്മണ്ഡുവിലെ ആശുപത്രികളിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നിസ്സാര പരിക്കുകളോടെ നാല് പര്‍വതാരോഹകരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി.

മറ്റൊരു സംഭവത്തില്‍, ഒക്ടോബര്‍ 28 മുതല്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാണാതായ രണ്ട് ഇറ്റാലിയന്‍ പര്‍വതാരോഹകരായ സ്റ്റെഫാനോ ഫറോനാറ്റോ, അലസ്സാന്‍ഡ്രോ കപുട്ടോ എന്നിവരെ മനാസ്ലു മേഖലയിലെ മൗണ്ട് പന്‍ബാരിയിലെ ക്യാമ്പ് ഒന്നിലെ ടെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവരുടെ മൃതദേഹങ്ങള്‍ 5,242 മീറ്റര്‍ ഉയരത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അവരോടൊപ്പം കുടുങ്ങിയ മറ്റൊരു ഇറ്റാലിയന്‍ പര്‍വതാരോഹകനായ വെല്‍റ്റര്‍ പാരാലിയനെ രക്ഷപ്പെടുത്തി.

പര്‍വതാരോഹകരുടെ മരണത്തില്‍ നേപ്പാള്‍ ടൂറിസം ബോര്‍ഡ് അനുശോചിച്ചു. യാലുങ് റി പര്‍വതത്തില്‍ മരിച്ച ഏഴ് പേരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്ന് ടൂറിസം ബോര്‍ഡ് സന്ദേശത്തില്‍ പറഞ്ഞു.

Similar News