പ്രണയത്തിലായിരുന്ന സ്ത്രീ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; തര്‍ക്കത്തെ തുടര്‍ന്ന് 40കാരിയെ കുത്തിക്കൊലപ്പെടുത്തി ആണ്‍സുഹൃത്ത്

പ്രണയത്തിലായിരുന്ന സ്ത്രീ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു

Update: 2025-11-03 15:50 GMT

ബംഗളുരു: പെണ്‍സുഹൃത്ത് വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തതിനാല്‍ കുത്തി കൊലപ്പെടുത്തി ആണ്‍സുഹൃത്ത്. വടക്കന്‍ ബംഗളൂരുവിലെ കെ.ജി ഹള്ളി പ്രദേശത്തെ പിള്ളണ്ണ ഗാര്‍ഡന് സമീപമാണ് കൊലപാതകം നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊലപാതകം അരങ്ങേറിയത്.

സ്ത്രീയുമായി പ്രണയത്തിലായിരുന്നു പ്രതി. ഇവര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹമോചിതയായ സ്ത്രീ വീട്ടുജോലിക്കാരിയാണ്. 43 വയസ്സുള്ള വിവാഹിതനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. രഹസ്യമായി ഇവര്‍ തമ്മില്‍ ബന്ധം തുടര്‍ന്നുവെങ്കിലും ഭാര്യയെ ഉപേക്ഷിച്ച് ബന്ധം ഔപചാരികമാക്കണമെന്ന് സ്ത്രീ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ഇയാള്‍ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയാറായിരുന്നില്ല.

വെള്ളിയാഴ്ച പില്ലന്ന ഗാര്‍ഡന് സമീപം വെച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍ സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് ഇയാള്‍ കത്തിയെടുത്ത് സ്ത്രീയെ നിരവധി തവണ കുത്തുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു.

ആളുകള്‍ ഓടിയെത്തി സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതിയെ പിന്നീട് കെ.ജി ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News