3000 കോടിയുടെ തട്ടിപ്പെന്നത് ഞെട്ടിപ്പിക്കുന്നു; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

Update: 2025-11-03 15:56 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി. മൂവായിരം കോടിയുടെ തട്ടിപ്പെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് സാവകാശം തേടി.

ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ ശക്തമായ നടപടികളുണ്ടാകണമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എന്‍എസ് നപ്പിനയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. 'നമ്മുടെ രാജ്യത്ത് നിന്ന് 3,000 കോടി രൂപ ഡിജിറ്റല്‍ തട്ടിപ്പിലൂടെ നേടിയെന്നത് ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ കര്‍ശന നടപടി വേണം. അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും' - കോടതി വ്യക്തമാക്കി.

ഇത്തരം തട്ടിപ്പില്‍ ഭൂരിഭാഗവും ഇരയാകുന്നത് വയോധികരാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പരാതികള്‍ അന്വേഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക യൂണിറ്റ് നിലവിലുണ്ടെന്ന് വ്യക്തമാക്കി മേത്ത വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം തേടുകയും ചെയ്തു. കേസ് നവംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.

Tags:    

Similar News