ജൂബിലി ഹില്‍സിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകം; അസ്ഹറുദ്ദീന് നിര്‍ണായക വകുപ്പുകള്‍ നല്‍കി രേവന്ത് റെഡ്ഡി; ഗവര്‍ണറുടെ അംഗീകാരം
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറില്‍ മന്ത്രിയായി കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് നിര്‍ണായക വകുപ്പുകള്‍ നല്‍കി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രണ്ടു വകുപ്പുകളുടെ ചുമതലയാണ് അസ്ഹറുദ്ദീന് ലഭിക്കുക. രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും പൊതു സംരംഭക വകുപ്പിന്റെയും ചുമതലയാണ് അസ്ഹറിന് നല്‍കിയത്. ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ ഇതിന് അംഗീകാരം നല്‍കി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് നേരത്തെ ന്യൂനപക്ഷ വകുപ്പ് കൈവശം വെച്ചിരുന്നത്. അദ്‌ലൂരി ലക്ഷ്മണ്‍ കുമാറിനായിരുന്നു പൊതു സംരംഭക വകുപ്പിന്റെ ചുമതലയുണ്ടായിരുന്നത്.
ഒക്ടോബര്‍ 31നാണ് അസ്ഹറുദ്ദീന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2023 ഡിസംബറില്‍ അധികാരത്തിലെത്തിയ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അസ്ഹറുദ്ദീന്‍. രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തില്‍ നവംബര്‍ 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം.
അസ്ഹറുദ്ദീനെ സംസ്ഥാന ഗവര്‍ണറുടെ ക്വാട്ടയില്‍നിന്നാണ് നിയമനിര്‍മാണ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത്. ജൂബിലി ഹില്‍സിലെ തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്‌നം കൂടിയാണ്. മുസ്ലിം വോട്ടുകളാണ് മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക. അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിര്‍ത്താനാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കണക്കുകൂട്ടല്‍.
അസ്ഹര്‍ കൂടി എത്തിയതോടെ മന്ത്രിമാരുടെ എണ്ണം 16 ആയി. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയില്‍ പരമാവധി 18 പേരെ ഉള്‍പ്പെടുത്താനാകും. 2023 ഡിസംബര്‍ ഏഴിനാണ് രേവന്ത് റെഡ്ഢി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ജൂണില്‍ മൂന്നുപേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. മൊറാദാബാദില്‍നിന്നുള്ള മുന്‍ ലോക്‌സഭാ അംഗമായ അസ്ഹര്‍, 2023 നിയമസഭ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സില്‍നിന്ന് മത്സരിച്ചെങ്കിലും ബി.ആര്‍.എസ് സ്ഥാനാര്‍ഥി മഗാന്തി ഗോപിനാഥിനോട് പരാജയപ്പെട്ടു. ജൂണില്‍ ബി.ആര്‍.എസ് എം.എല്‍.എ മരിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2009ലാണ് അസ്ഹര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. 2018ല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
