യാതൊരു രേഖയും ഇല്ലാതെ പാഴ്സലായി പണവും സ്വര്‍ണ്ണാഭരണങ്ങളും കടത്താന്‍ ശ്രമം; സ്വകാര്യ ബസില്‍ നിന്നും 50 ലക്ഷം കുഴല്‍പ്പണവും സ്വര്‍ണവും പിടികൂടി
മംഗളൂരു: യാതൊരു രേഖയും ഇല്ലാതെ പാഴ്സലായി പണവും സ്വര്‍ണ്ണാഭരണങ്ങളും കടത്താനുള്ള നീക്കം പൊളിച്ച് പൊലീസ്. മുംബൈയില്‍ നിന്ന് ഭട്കലിലെത്തിയ സ്വകാര്യ ബസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി. രഹസ്യ വിവരം അനുസരിച്ച് 'ഇര്‍ഫാന്‍' എന്ന പേരില്‍ പാഴ്‌സലായി അയച്ച നീല നിറത്തിലുള്ള ബാഗ് പൊലീസ് പരിശോധിച്ചു. ബാഗിനുള്ളില്‍ നിന്ന് 50 ലക്ഷം രൂപയും 401 ഗ്രാമുള്ള സ്വര്‍ണവളകളും കണ്ടെത്തുകയായിരുന്നു.
ഉടമസ്ഥാവകാശമോ യാത്രാ ഉദ്ദേശ്യമോ തെളിയിക്കുന്ന സാധുവായ രേഖകളൊന്നും ഇല്ലാത്തതിനാല്‍ പണവും സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിവാകര്‍, എസ്.ഐ നവീന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഓപറേഷന്‍ നടത്തിയത്. പിടിച്ചെടുത്ത വസ്തുക്കള്‍ അവയുടെ യഥാര്‍ഥ ഉടമസ്ഥന്‍ സാധുവായ രേഖകള്‍ ഹാജരാക്കിയാല്‍ തിരികെ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പിടിച്ചെടുത്ത പണവും സ്വര്‍ണവും അയച്ചയാളെയും അത് സ്വീകരിച്ചയാളെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.