ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി; ഓട്ടോമാറ്റിക് റൈഫിളുകടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു
ബീജാപ്പൂർ: ഛത്തീസ്ഗഢിലെ ബീജാപ്പൂർ ജില്ലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി. മൂന്ന് ജില്ലാ റിസർവ് ഗാർഡ് (DRG) ജവാന്മാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ അടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
പരിക്കേറ്റ നാല് ജവാന്മാർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർക്ക് റായ്പൂരിലേക്ക് വ്യോമമാർഗം ചികിത്സക്കായി മാറ്റുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബീജാപ്പൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്നുള്ള ഡിആർജി സംഘങ്ങളും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷനും (കോബ്ര) സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോട്ടേനർ, കാച്ചിൽവാർ വനമേഖലയിൽ ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട 18 മാവോയിസ്റ്റുകളിൽ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ തലയ്ക്ക് 1.30 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിരിച്ചറിഞ്ഞവരിൽ 13 പേർ ബീജാപ്പൂരിൽ നിന്നുള്ളവരും മൂന്ന് പേർ സുക്മയിൽ നിന്നുള്ളവരുമാണ്. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) കമ്പനി നമ്പർ 2-ലെ 15 പേരും കമ്പനി നമ്പർ 7-ലെ ഒരാളുമാണ് ഇവരിൽ ഉൾപ്പെടുന്നത്. കൂടാതെ, മാവോയിസ്റ്റുകളുടെ സംസ്ഥാനതലത്തിലെ രണ്ടാമത്തെ ഉയർന്ന സമിതിയായ ഡിവിഷണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പിഎൽജിഎയുടെ കമ്പനി നമ്പർ 2 മുമ്പ് നിരവധി പ്രധാന ആക്രമണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2013-ൽ സംസ്ഥാന കോൺഗ്രസ് നേതാക്കളായ മഹേന്ദ്ര കർമ്മ, നന്ദ് കുമാർ പട്ടേൽ, ഉദയ് മുഡ്‌ലിയാർ, വിദ്യാചരൺ ശുക്ല എന്നിവരുൾപ്പെടെ 32 പേർ കൊല്ലപ്പെട്ട ഝിരം ഘാട്ടി ആക്രമണം, 2020-ൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മിൻപ ആക്രമണം (സുക്മ), 2021-ൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ടേക്കൽഗുഡം ആക്രമണം (ബീജാപ്പൂർ), 2019-ൽ രണ്ട് സിആർപിഎഫ് ജവാന്മാരും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ട കേശ്കുതുൽ ആക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
