കാറിന്റെ മുകളിലേക്ക് ചുവരിടിഞ്ഞു വീണു; പലയിടത്തും വെള്ളക്കെട്ട്; ഗണേശപുരം സബ്‍വേ അടക്കം അടച്ചു; തമിഴ് മണ്ണിനെ വിറപ്പിച്ച് ശക്തമായ മഴ; മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ അടക്കം ശക്തമായ മഴ. ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. ഏഴ് ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 13 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ചെന്നൈയിൽ ഗണേശപുരം സബ്‍വേ അടച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ മുകളിലേക്ക് വീടിന്‍റെ ചുവരിടിഞ്ഞു വീണു. ചെന്നൈയിൽ ഇന്ന് കോർപറേഷന്‍റെ മെഡിക്കൽ ക്യാമ്പ് നടക്കും.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, വില്ലുപുരം, കല്ലക്കുറിച്ചി, കടലൂർ ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പുതുച്ചേരിയിലെ സ്കൂളുകൾക്കും അവധിയാണ്. ചെന്നൈയിൽ നിലവിൽ ഇരുപതിലധികം ജില്ലകളിൽ മഴ പെയ്യുകയാണ്.
തിങ്കളാഴ്ച മുതൽ ഗണേശപുരം സബ്‍വേയിൽ കഴുത്തറ്റം വെളളമുണ്ടായിരുന്നു. തുടർന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റാൻ ശ്രമം നടന്നെങ്കിലും വീണ്ടും കനത്ത മഴ പെയ്തതോടെയാണ് സബ്‍വേ അടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിൽ വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്.