അഞ്ചുമാസം ഗര്‍ഭിണിയായ പതിനേഴുകാരിയെ വെട്ടിക്കൊലപ്പെടുത്തി കാമുകന്‍; വഴക്കിനിടെ കോടാലി എടുത്ത് ആക്രമിച്ചത് 19കാരന്‍: അറസ്റ്റ് ചെയ്ത് പോലിസ്
അഞ്ചുമാസം ഗര്‍ഭിണിയായ പതിനേഴുകാരിയെ വെട്ടിക്കൊലപ്പെടുത്തി കാമുകന്‍
റാഞ്ചി: കാമുകി ഗര്‍ഭിണിയായതിന്റെ വിഷമത്തില്‍ വെട്ടിക്കൊലപ്പെടുത്തി 19കാരനായ കാമുകന്‍. അഞ്ച് മാസം ഗര്‍ഭിണിയായ 17 കാരിയായ അന്‍ഷികയാണ് കൊല്ലപ്പെട്ടത്. 19 കാരനായ സുമന്‍ യാദവാണ് പ്രതി. ഛത്തീസ്ഗഡിലെ ഗുംല ജില്ലയിലെ പുരാന റൈദിഹ് ഗ്രാമത്തിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടി കാമുകനില്‍ നിന്നും ഗര്‍ഭിണിയായി. അഞ്ചുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരാഴ്ചയായി പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.
ഇത് സുമന് നാണക്കേടായി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ സുമന്‍ കോടാലി എടുത്ത് അന്‍ഷികയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ രക്ഷപ്പെടാനോ കുറ്റകൃത്യം മറച്ചുവെക്കാനോ ശ്രമിക്കാഞ്ഞ പ്രതി, പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതുവരെ വീടിനുള്ളില്‍ തന്നെ തുടര്‍ന്നു. പൊലീസ് സ്ഥലത്തെത്തി സുമന്‍ യാദവിനെ കസ്റ്റഡിയിലെടുത്തു. അന്‍ഷികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതിലും അവളെ വീട്ടിലേക്ക് കൊണ്ടുവന്നതിലും കുറ്റബോധവും ഭയവും ഉണ്ടായിരുന്നു. ഈ സംഭവം കുടുംബത്തിന് അപമാനമാവുമെന്ന് കരുതി' പ്രതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുമന് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നും ഉറങ്ങാറില്ലായിരുന്നെന്നും പ്രതിയുടെ അമ്മ പൊലീസിനെ അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.