ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു; 21കാരിയുടെ മുഖമടക്കം കടിച്ചുകീറി തെരുവുനായ്ക്കള്‍; കവിള്‍ രണ്ടായി മുറിഞ്ഞു; മുഖത്ത് 17 തുന്നലുകള്‍
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തെരുവുനായ ആക്രമണത്തില്‍ 21കാരിക്ക് ഗുരുതര പരിക്ക്. കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 വയസ്സുകാരിയെ തെരുവുനായകള്‍ കടിച്ചുകീറുകയായിരുന്നു. അലന്‍ ഹൗസ് റൂമ കോളജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി വൈഷ്ണവി സാഹുവാണ് തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയുടെ മുഖത്ത് 17 സ്റ്റിച്ചുകളാണുള്ളത്.
ഓഗസ്റ്റ് 20 ന് ശ്യാം നഗറിലായിരുന്നു സംഭവം. വൈഷ്ണവി റോഡിലൂടെ നടക്കവേ, തെരുവ് നായ്ക്കളും കുരങ്ങുകളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു റോഡില്‍. പെട്ടെന്ന് വിദ്യാര്‍ഥിനിയുടെ നേരെ നായ്ക്കള്‍ പാഞ്ഞടുത്തു. പെണ്‍കുട്ടി ഓടാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ പെണ്‍കുട്ടിയുടെ മുഖമടക്കം ഇവ കടിച്ചുകീറി. പെണ്‍കുട്ടിയുടെ വലതു കവിള്‍ രണ്ടായി മുറിയുകയും മൂക്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒന്നിലധികം കടിയേറ്റ പാടുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ നിലവിളികേട്ട് വടിയുമായി എത്തിയ നാട്ടുകാരാണ് നായ്ക്കളെ തുരത്തി ഓടിച്ചത്. അപ്പോഴേക്കും വൈഷ്ണവിയുടെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയ ഉടന്‍ കാന്‍ഷിറാം ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. ഭക്ഷണം കഴിക്കാനോ വായ ചലിപ്പിക്കാനോ പോലും കുട്ടി ബുദ്ധിമുട്ടുകയാമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
തെരുവുനായ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുകില്‍ അവയെ പിടികൂടി കൊണ്ടുപോകണമെന്നും അല്ലെങ്കില്‍ ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പട്ടു. ഇനി ഒരാളുടെ മകള്‍ക്ക് ഈ ഗതി വരരുത് എന്നും കുടുംബം പറയുന്നു.