ബോംബെ ഹൈക്കോടതിയിലേക്ക് ഇ-മെയിലില്‍ വ്യാജ ബോംബ് ഭീഷണി: മുന്‍കരുതലായി മുഴുവന്‍ കെട്ടിടവും ഒഴിപ്പിച്ച് പരിശോധന; അജ്ഞാതനെതിരെ എഫ്.ഐ.ആര്‍

ബോംബെ ഹൈക്കോടതിയിലേക്ക് ഇ-മെയിലില്‍ വ്യാജ ബോംബ് ഭീഷണി

Update: 2025-09-14 05:22 GMT

മുംബൈ: ബോംബെ ഹൈക്കോടതിക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ കേസെടുത്ത് പൊലീസ്. ബോംബ് ഭീഷണി ഉയര്‍ത്തി വ്യാജ ഇമെയില്‍ അയച്ചതായി ആരോപിച്ച് ആസാദ് മൈതാന്‍ പൊലീസ് അജ്ഞാതനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പൊതുജനങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 353(1), 353(2) എന്നിവ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ സമാനമായ ഒരു ഭീഷണി റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണിത്.

കോടതി പരിസരത്ത് സ്‌ഫോടനം ഉണ്ടാകുമെന്ന് ഇ-മെയില്‍ അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഹൈക്കോടതി വാദം കേള്‍ക്കലുകള്‍ നിര്‍ത്തിവച്ചു. മുന്‍കരുതലായി മുഴുവന്‍ കെട്ടിടവും ഒഴിപ്പിച്ചു. കോടതി ജീവനക്കാരും അഭിഭാഷകരും ജഡ്ജിമാരും കെട്ടിടത്തിന് പുറത്തേക്ക് ഓടുന്നതിന്റെയും ആളുകളെ ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.

ബോംബ് സ്‌ക്വാഡ് പരിസരം പരിശോധിക്കുകയാണ്. ബോംബ് കണ്ടെത്തല്‍ നിര്‍മാര്‍ജന സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകള്‍ എന്നിവരോടൊപ്പം സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

അയച്ചയാളുടെ ഐ.പി വിലാസവും സ്ഥലവും കണ്ടെത്താന്‍ പൊലീസ് സൈബര്‍ അന്വേഷണം ആരംഭിച്ചു. ഇതിനുശേഷം ഹൈക്കോടതിക്ക് ചുറ്റുമുള്ള സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. തിരച്ചില്‍ പൂര്‍ത്തിയായ ശേഷം ആളുകളെ അകത്തേക്ക് തിരികെ കയറാന്‍ അനുവദിക്കുകയും കോടതി നടപടികള്‍ പുനഃരാരംഭിക്കുകയും ചെയ്തു.

Similar News