പോലീസുകാരായി വേഷംമാറി കവര്‍ച്ചക്കാര്‍; വാതില്‍ തുറന്ന് വീട്ടില്‍ കയറി കൊള്ളയടിച്ചു; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളും പണവും നഷ്ടമായെന്ന് പരാതി

Update: 2025-09-14 05:48 GMT

ജാര്‍ഖണ്ഡ്: ദുംക ജില്ലയിലെ മസാലിയയില്‍ പൊലീസിന്റെ യൂണിഫോം ധരിച്ച് മുഖംമൂടി വെച്ച കൊള്ളക്കാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കൊള്ളയടിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസുകാരായി വേഷംമാറിയെത്തിയ കവര്‍ച്ചക്കാരാണ് വാതില്‍ തുറന്ന് കൊള്ളയടിച്ചതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മസാലിയ പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ദുംക ജില്ലയിലെ മസാലിയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പട്നാപൂര്‍ ഗ്രാമത്തില്‍ സ്‌കോര്‍പിയോ കാറിലാണ് മുഖംമൂടി ധരിച്ച പത്തോളം വരുന്ന പൊലീസ് യൂണിഫോം ധരിച്ച കൊള്ളക്കാര്‍ എത്തിയത്. വീട്ടമ്മയായ സീമ ഗൊരായിയെ സ്‌പ്രേ ഉപയോഗിച്ച് ബോധരഹിതയാക്കിയ ശേഷം മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്നത്.

വാതിലില്‍ മുട്ടിയ മോഷ്ടാക്കള്‍ ആരാണെന്നു ചോദിച്ചപ്പോള്‍ പൊലീസാണെന്നു പറഞ്ഞു. വാതില്‍ തുറക്കാതായപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചവിട്ടി തുറപ്പിക്കുകയുമായിരുന്നു. സ്‌പ്രേ ഉപയോഗിച്ച് സീമയെ ബോധരഹിതയാക്കിയശേഷം രണ്ടുകുട്ടികളെയും മുറിയിലാക്കി അടച്ചു. അലമാര തകര്‍ത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ച് കവര്‍ച്ചക്കാര്‍ കടന്നു കളയുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിയുകയും മക്കളെ മുറിയില്‍നിന്ന് പുറത്തിറക്കിയശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മസാലിയ പ്രദേശത്ത് ഇതിന് മുമ്പും ഇത്തരത്തില്‍ മോഷണം നടന്നതായും പൊലീസ് സ്‌കോര്‍പിയോ കാര്‍ കേന്ദ്രീകരിച്ചും പരിസരത്തെ സിസി ടി.വി കളും കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചതായി ഡി.എസ്.പി അറിയിച്ചു

Similar News