രാജ്യത്തിന്റെ വികാരത്തെ അപമാനിക്കുന്നു; ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കണം; ടിവി അടിച്ചുപൊട്ടിച്ച് ശിവസേന നേതാവ്
മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനെതിരേ രാജ്യത്ത് പ്രതിഷേധം കടുക്കുന്നു. ടിവി അടിച്ചുപൊട്ടിച്ചാണ് ശിവസേന നേതാവ് പ്രതിഷേധിച്ചത്. ശിവസേന ഉദ്ധവ് വിഭാഗം വക്താവായ ആനന്ദ് ദുബെയാണ് പാക്കിസ്ഥാനുമായുള്ള മത്സരത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ടിവി സെറ്റുകള്‍ അടിച്ചുപൊട്ടിച്ചത്. മത്സരത്തിന്റെ തത്സമയ സംപ്രേഷണം തള്ളിക്കളയണമെന്ന ആഹ്വാനത്തോടെയായിരുന്നു ടിവി സെറ്റുകള്‍ തകര്‍ത്തുള്ള പ്രതിഷേധം.
'ഞങ്ങള്‍ ക്രിക്കറ്റിന് എതിരല്ല, പക്ഷേ, പാകിസ്താന്‍ കരുതിയിരിക്കണം, ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. അടിച്ചുപൊട്ടിച്ച ടിവി സെറ്റുകള്‍ പിന്നീട് നിലത്തിട്ട് ചവിട്ടുന്നതും സമരത്തിന്റെ ദൃശ്യങ്ങളില്‍ കാണാം.
പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം രാജ്യത്തിന്റെ വികാരത്തെ അപമാനിക്കുന്നതാണെന്നാണ് ശിവസേനയുടെ നിലപാട്. പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലുടനീളം 'സിന്ദൂര്‍ പ്രതിഷേധം' എന്ന പേരില്‍ സമരങ്ങള്‍ സംഘടിപ്പിക്കാനും ശിവസേന നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മുംബൈയിലും ടിവി തകര്‍ത്ത് പ്രതിഷേധിച്ചത്.
'ദുബായില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ ഞങ്ങള്‍ എതിര്‍ക്കുകയാണ്. ഇന്ന് ഈ മത്സരത്തിന്റെ ആവശ്യമില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. ബിസിസിഐയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണം', ടിവി തകര്‍ത്ത് പ്രതിഷേധിച്ചതിന് പിന്നാലെ ശിവസേന നേതാവ് ആനന്ദ് ദുബെ പറഞ്ഞു.