സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണു; സ്‌കൂളിലെ ജീവനക്കാരിയുടെ മകളായ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
വിജയവാഡ: സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് പൊള്ളലേറ്റ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകള്‍ അക്ഷിതയാണ് മരിച്ചത്. അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്.
ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബുക്കരായസമുദ്രം മണ്ഡലത്തിലെ കൊരപ്പാടിനടുത്തുള്ള അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അമ്മയുടെ അടുത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി ഇടയ്ക്ക് അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ തിളപ്പിച്ച പാല്‍ തണുപ്പിക്കാന്‍ ഫാനിനടിയില്‍ വച്ചിരുന്നു. കുഞ്ഞ് അതിലേക്ക് എത്തിനോക്കുന്നതിനിടെ വലിയ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്ക്കൊപ്പമാണ് അക്ഷിത സംഭവദിവസം സ്‌കൂളിലെത്തിയത്. ആദ്യം അമ്മയ്ക്കൊപ്പം അടുക്കളയിലെത്തിയ കുട്ടി ഇവിടെനിന്ന് മടങ്ങുകയും അല്പസമയത്തിന് ശേഷം ഒറ്റയ്ക്ക് തിരികെ എത്തുകയുമായിരുന്നു. ഒരു പൂച്ചയെ പിന്തുടര്‍ന്നാണ് കുട്ടി അടുക്കളയിലേക്ക് വീണ്ടുമെത്തിയത്. ആദ്യം പൂച്ചയും പിന്നാലെ കുട്ടിയും ചെമ്പിനരികിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍, തിളച്ച പാല്‍ സൂക്ഷിച്ചിരുന്ന ചെമ്പിനരികിലേക്ക് എത്തിയ കുട്ടി തട്ടിതടഞ്ഞ് അബദ്ധത്തില്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. തിളച്ച പാലിലേക്ക് വീണ കുട്ടി ഉറക്കെകരയുന്നതും ഉടന്‍തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അമ്മ കൃഷ്ണവേണി ഓടിയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം അനന്ത്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.