അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് മുമ്പ് നിലനിന്ന നിര്‍മിതി തകര്‍ത്ത്; ഗ്യാന്‍വ്യാപി പള്ളി അടഞ്ഞ അധ്യായല്ല: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ഗ്യാന്‍വ്യാപി പള്ളി അടഞ്ഞ അധ്യായല്ല: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

Update: 2025-09-25 11:32 GMT

ന്യൂഡല്‍ഹി: അയോധ്യ, ഗ്യാന്‍വാപി കേസുകളെ പറ്റി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍. ബാബ്റി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നു. മസ്ജിദ് നിര്‍മിച്ചത് അതിന് മുമ്പ് നിലനിന്ന നിര്‍മിതി തകര്‍ത്തിട്ടായിരുന്നു എന്ന് കരുതാം. ഇതിന് പുരാവസ്തുരേഖകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ജെയ്നുമായി നടത്തിയ അഭിമുഖത്തിലാണ് ഡി.വൈ. ചന്ദ്രചൂഢിന്റെ വിവാദ പ്രസ്താവനകള്‍. അയോധ്യയെ സംബന്ധിച്ചിടത്തോളം, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിധിയെന്ന് അദ്ദേഹം പറയുന്നു. 1949ല്‍ ബാബ്‌റി മസ്ജിദ് ഹിന്ദുക്കള്‍ തകര്‍ത്തത് എന്തുകൊണ്ട് ഹിന്ദു പാര്‍ട്ടികള്‍ക്ക് എതിരായില്ല എന്ന് ചോദിച്ചപ്പോളാണ് ബാബ്റി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്ന് ചന്ദ്രചൂഢ് പ്രതികരിച്ചത്.

ഉത്തര്‍ പ്രദേശിലെ ഗ്യാന്‍വ്യാപി പള്ളി അടഞ്ഞ അധ്യായം അല്ലെന്നും ചന്ദ്രചൂഢ് പ്രതികരിച്ചു. ഏറെ വര്‍ഷങ്ങളായി ഹിന്ദുക്കള്‍ പള്ളിയുടെ നിലവറയില്‍ ആരാധന നടത്തിയിരുന്നു. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം നിലവിലുള്ളപ്പോള്‍, ഗ്യാന്‍വാപി പള്ളിയുടെ സര്‍വേയ്ക്ക് അദ്ദേഹം എന്തിനാണ് അനുമതി നല്‍കിയതെന്ന് ചോദ്യത്തിനായിരുന്നു ഗ്യാന്‍വ്യാപി പള്ളി അടഞ്ഞ വിഷയം അല്ലെന്ന ചന്ദ്രചൂഢിന്റെ പ്രതികരണം.

Tags:    

Similar News