സിബിഎസ്ഇ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി; ഫെബ്രുവരി 17ന് പത്ത് പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങും

Update: 2025-09-24 15:10 GMT

ന്യൂഡല്‍ഹി: 2026ലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകള്‍ നടക്കുക. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുകയെന്ന് അധികൃതര്‍ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാര്‍ച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രില്‍ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകള്‍ അവസാനിക്കുക. രാവിലെ 10.30ന് ആയിരിക്കും എല്ലാ വിദ്യാര്‍ഥികളുടെയും പരീക്ഷകള്‍ ആരംഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെയിന്‍ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സെക്കന്‍ഡ് ബോര്‍ഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവില്‍ നടക്കുക. പരീക്ഷ പൂര്‍ത്തിയായി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2026 മുതല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാര്‍ത്ഥികള്‍ ആവശ്യമെങ്കില്‍ മാത്രം എഴുതിയാല്‍ മതി. ആദ്യ പരീക്ഷയില്‍ വിജയിക്കാതിരിക്കുകയോ മാര്‍ക്ക് കുറയുകയോ ചെയ്തവര്‍ക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.

10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതാനുള്ള മാനദണ്ഡം കര്‍ശനമാക്കി സിബിഎസ്ഇ

10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ) നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അക്കാദമിക്, ഹാജര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു വിദ്യാര്‍ത്ഥിയെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) ഓപ്പണ്‍, ഡിസ്റ്റന്‍സ് ലേണിംഗ് മാതൃകയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിബിഎസ്ഇ സ്‌കൂള്‍ ചട്ടക്കൂടിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിര്‍ദേശത്തില്‍ ഊന്നിപ്പറഞ്ഞു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശരിയായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും രണ്ട് വര്‍ഷത്തെ പ്രോഗ്രാമുകളായി കണക്കാക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതായത് ഒന്‍പതാം ക്ലാസും പത്താം ക്ലാസും രണ്ട് വര്‍ഷത്തെ കോഴ്‌സാക്കി പരി?ഗണിച്ചായിരിക്കും പത്താം ക്ലാസ് പൊതുപരീക്ഷ നടത്തുക. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ഒരുമിച്ച് 12-ാം ക്ലാസ് പരീക്ഷയ്ക്കുള്ള മാനദണ്ഡമാകും. ബോര്‍ഡ് ക്ലാസുകളില്‍ എടുക്കുന്ന ഏതൊരു വിഷയവും തുടര്‍ച്ചയായി രണ്ട് വര്‍ഷം പഠിച്ചിരിക്കണമെന്നും നിര്‍ദേശിച്ചു.

Similar News