വെള്ളക്കെട്ടിലൂടെ ഒരു കാറിന്റെ രാജകീയ വരവ്; ഒന്ന് സൂക്ഷിച്ച് നോക്കിയതും അമ്പരപ്പ്; 'റോൾസ് റോയ്‌സ്' ന്റെ എൻട്രിയിൽ നെറ്റിസൺസ് പറഞ്ഞത്; ദൃശ്യങ്ങൾ വൈറൽ
കൊൽക്കത്ത: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ആഡംബര കാറായ റോൾസ് റോയ്സ് ഗോസ്റ്റ് കുടുങ്ങിയ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. കൊൽക്കത്തയിലെ റോഡുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും ശോച്യാവസ്ഥയാണ് ഈ സംഭവം വീണ്ടും ചർച്ചയാക്കിയത്.
നീലയും വെള്ളയും നിറത്തിലുള്ള കാർ വഴിയരികിൽ വെള്ളത്തിൽ മുങ്ങി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ ബോണറ്റിൽ ഏതാനും മരച്ചില്ലകൾ വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
"നിങ്ങൾക്കുള്ളതിൽ സന്തോഷിക്കുക... എല്ലാവരും സുരക്ഷിതരായിരിക്കട്ടെ" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോക്ക് താഴെയാണ് റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നുവന്നത്.
"കൊൽക്കത്തയിലെ റോഡുകളുടെ ദുരവസ്ഥ" എന്നും "ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ റോഡുകൾ മെച്ചപ്പെടുത്തണം" എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ലോകം പുരോഗതി പ്രാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളായ റോഡുകൾ മെച്ചപ്പെടുത്താത്തത് പരിതാപകരമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊൽക്കത്തയിൽ പെയ്യുന്ന കനത്ത മഴ നഗരത്തിൽ വ്യാപകമായ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ മഴക്കെടുതിയാണിതെന്നാണ് അധികൃതർ പറയുന്നത്.