ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പലിനെതിരായ യുഎസ് ആക്രമണം പ്രാദേശിക സമാധാനത്തിന് ഭീഷണി; ഐറിസ് ദേന കപ്പല്‍ തകര്‍ത്തതിനെ അലപപിച്ചു സിപിഐ

ഐറിസ് ദേന കപ്പല്‍ തകര്‍ത്തതിനെ അലപപിച്ചു സിപിഐ

Update: 2026-03-05 13:18 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം അമേരിക്ക ഇറാന്‍ നാവികസേനയുടെ കപ്പലായ ഐറിസ് ദേനയെ ആക്രമിച്ചതിനെ അപലപിച്ച് സിപിഐ. അമേരിക്ക- ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ആക്രമണമെന്ന് സിപിഐ പ്രസ്താവനയില്‍ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന സംയുക്ത നാവിക അഭ്യാസത്തിന് ശേഷം മടങ്ങുമ്പോഴാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. ഇന്ത്യയുടെ തീരങ്ങള്‍ക്ക് വളരെ അടുത്തും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്കും ഇത്തരം ആക്രമണങ്ങള്‍ നീളുന്നത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകും.

ഇറാനുമായുള്ള യുഎസ്- ഇസ്രായേല്‍ സംഘര്‍ഷം ദക്ഷിണേഷ്യയോട് വളരെ അടുത്തുള്ള സമുദ്രാതിര്‍ത്തികളിലേക്ക് വ്യാപിക്കുന്നത് ആശങ്കാജനകമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ള ഏതൊരു സൈനിക നടപടിയും അന്താരാഷ്ട്ര നിയമത്തെയും സമുദ്ര സുരക്ഷയെയും ദുര്‍ബലപ്പെടുത്തുകയും മേഖലയിലെ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനമാര്‍ഗ്ഗത്തെയും സുരക്ഷയെയും അപകടത്തിലാക്കുകയും ചെയ്യുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ സൈനിക ഏറ്റുമുട്ടലിന്റെയും യുദ്ധത്തിന്റെയും വേദിയാക്കി മാറ്റരുതെന്ന് സിപിഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി സിപിഐ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കുന്ന തരത്തില്‍ അമേരിക്കന്‍ നാവികസേനയോ മറ്റ് വിദേശ സൈനിക സേനകളോ തങ്ങളുടെ തുറമുഖങ്ങളോ ലോജിസ്റ്റിക്കല്‍ സൗകര്യങ്ങളോ ഉപയോഗിക്കാന്‍ കേന്ദ്രം അനുവദിക്കരുത്. അത്തരം പ്രവേശനം അനുവദിക്കുന്നത് സ്വയംഭരണം, ചേരിചേരാ നയം എന്നിവയ്ക്കുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണെന്നും സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കന്‍ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അമേരിക്കയുടെ അന്തര്‍വാഹിനി ഐറിസ് ദേനയെ ആക്രമിച്ചത്. നൂറിലധികം ഇറാനിയന്‍ നാവികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Tags:    

Similar News