കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാജ്യങ്ങളെല്ലാം പാക്കിസ്ഥാനൊപ്പം നിന്നപ്പോള്‍ ഇന്ത്യയെ പിന്തുണച്ചു, എണ്ണ തന്നു; എന്നിട്ടും ഇറാനെ ഇന്ത്യ പിന്തുണച്ചില്ലെന്ന് മെഹ്ബൂബ മുഫ്തി

Update: 2026-03-05 07:39 GMT

ശ്രീനഗര്‍: ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്താക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കാത്തതിലും ഇറാനിയന്‍ ജനതയോട് അനുഭാവം കാണിക്കാത്തതിലും വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിച്ച അവര്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഫോട്ടോകള്‍ കത്തിക്കുകയും ചെയ്തു.

'ഇറാനുമായി അതിശക്തമായ ബന്ധമാണ് നമുക്കുണ്ടായിരുന്നത്. കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാജ്യങ്ങളെല്ലാം പാക്കിസ്ഥാനൊപ്പം നിന്നപ്പോള്‍ ഇറാന്‍, ഇന്ത്യന്‍ നിലപാട് മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കാലത്ത്, ഇന്ത്യക്ക് എണ്ണ നല്‍കിയ ഏക രാജ്യം ഇറാനാണ്. ഇത്രയും ശക്തമായ ബന്ധം ഇറാനുമായി ഉണ്ടായിട്ടുപോലും നമ്മുടെ രാജ്യത്തിന്റെ നേതൃത്വം ഇറാനിലെ ജനങ്ങളോട് കരുണകാണിക്കുകയോ ആക്രമണത്തെ അപലപിക്കുകയോ ചെയ്യുന്നില്ല, മെഹ്ബൂബ പറഞ്ഞു.

ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലും ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിന്റെ നിശബ്ദതയേയും മെഹ്ബൂബ ചോദ്യംചെയ്തു. ട്രംപും നെതന്യാഹുവും ദുഷ്ടശക്തികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar News